കേരളം ആദ്യ ഡിജിറ്റല് സ്റ്റേറ്റ് ആകും: മുഖ്യമന്ത്രി
തിരുവനന്തപുരം
കേരളത്തെ ആദ്യ സമ്പൂര്ണ ഡിജിറ്റലൈസ്ഡ് സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. യുഡിഎഫ് സര്ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങള് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി എല്ലാവര്ക്കും സംസ്ഥാനത്തിന്റെ ഇ-മെയില് നല്കും. യുഐഡി ആധാര് അടിസ്ഥാനമാക്കിയാണ് ഇ-മെയില് നല്കുക. സര്ക്കാര് സംബന്ധമായ എല്ലാ ഇടപാടുകളും അപേക്ഷകളും ഇ-മെയിലിലൂടെ നടത്താന് സൗകര്യം നല്കുന്ന പദ്ധതിയാണിത്. സര്ക്കാര് സര്ട്ടിഫിക്കറ്റുകള് ഓണ്ലൈനിലൂടെ ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി അടുത്ത മാര്ച്ച 31നു മുന്പ് നടപ്പിലാക്കും. സെക്രട്ടേറിയറ്റിലെ ഫയലുകളും അടുത്ത മാര്ച്ച് 31നു മുന്പ് ഡിജിറ്റലൈസ് ചെയ്യും. പൊതുജനങ്ങള്ക്ക് ഫയല് നീക്കം അറിയുന്നതിനായി ഐഡിയാസ് ഫയല് ട്രാക്കിങ് സംവിധാനവും നടപ്പിലാക്കും.
2013 ഡിസംബറിനു മുന്പ് എല്ലാ പഞ്ചായത്തുകളിലും ഒപ്റ്റിക്കല് ഫൈബര് ബ്രോഡ്ബാന്റും ഫോര് ജിയും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്ഷനുകളും സ്കോളര്ഷിപ്പുകളും ആധാര് കാര്ഡുമായി ബന്ധിപ്പിച്ച് അടുത്ത ഏപ്രില് ഒന്നു മുതല് ബാങ്കുകള് വഴി വിതരണം ചെയ്യാനും പദ്ധതിയുണ്ട്. പൊതു മരാമത്തുവകുപ്പിലെ എസ്റ്റിമേറ്റ്, ഭരണാനുമതി, സാങ്കേതികാനുമതി, ടെന്ഡറുകള്, ബില് ,പേയ്മെന്റ് തുടങ്ങിയവ 2014 മാര്ച്ചു മുതല് ഇലട്രോണിക് സംവിധാനത്തിന് കീഴിലാക്കും. തുടര്ന്ന് എല്ലാ വകുപ്പുകളിലേക്കും പൊതു മേഖല സ്ഥാപനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും.
25ലക്ഷത്തിനു മുകളിലുള്ള എല്ലാ കരാറുകള്ക്കും ഇ-ടെന്ഡര് സമ്പ്രദായം നടപ്പിലാക്കും. കേരളത്തിന്റെ മെന്റര് സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തിന്റെ വികസനത്തിനായി 10 ബിസിനസ് പ്ലാനുകള് ഓഗസ്റ്റോടെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിനകത്തും പുറത്തും സംസ്ഥാനത്തിന്റെ വികസനത്തിനു സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന് സര്ക്കാരിനു കഴിഞ്ഞു. കാര്യക്ഷമതയും സുതാര്യതയും അടയാളമാക്കിയ മനുഷ്യത്വവും കാരുണ്യവും മുഖമുദ്രയായുള്ള സര്ക്കാറാണിതെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു.
No comments:
Post a Comment